എംഎൽഎയുടെ പേര് എഴുതിയ ബോർഡിന് മുകളിലായി കൗൺസിലറുടെ പേര് എഴുതിയ ബോർഡ് സ്ഥാപിച്ച് ശ്രീലേഖ
January 3 | 05:06 PM
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്തും ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയും വീണ്ടും നേർക്കുനേർ. ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ എംഎൽഎയുടെ പേര് എഴുതിയ ബോർഡിന് മുകളിലായി കൗൺസിലറുടെ പേര് എഴുതിയ ബോർഡ് സ്ഥാപിച്ചതോടെ പുതിയ തർക്കത്തിന് വഴി ഒരുങ്ങിയിരിക്കുകയാണ്. കൗൺസിലർക്ക് അനുവദിച്ച മുറിക്കു മുന്നിലാണു കഴിഞ്ഞ കൗൺസിൽ കാലയളവിൽ ബോർഡ് സ്ഥാപിച്ചിരുന്നത്. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എംഎൽഎയുടെയും കൗൺസിലറുടെയും ഓഫിസ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കെട്ടിടം ഒഴിയണമെന്ന് ആർ.ശ്രീലേഖ വി.കെ.പ്രശാന്ത് എംഎൽഎയോട് ആവശ്യപ്പെട്ടത് വിവാദമായിരുന്നു. അതേസമയം ഓഫിസ് ഒഴിയില്ലെന്ന് എംഎൽഎ അറിയിച്ചു. തർക്കം തുടരുന്നതിനിടെ, കൗൺസിലർക്ക് നേരത്തേ അനുവദിച്ച മുറിയിൽ തന്നെ ശ്രീലേഖ ഓഫിസ് തുറന്നിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം പുതിയ ബോർഡും സ്ഥാപിച്ചത്.