ശശി തരൂർ പാണക്കാട്ടെത്തി തങ്ങളുമായി കൂടിക്കാഴ്ച നടത്തി
November 22 | 08:36 AM
മലപ്പുറം: യൂത്ത് കോൺഗ്രസ് വിലക്ക് വിവാദത്തിനിടെ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എം.പി. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ രാഘവൻ എംപിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. രാവിലെ എട്ടരയോടെയാണ് തരൂർ പാണക്കാട് എത്തിയത്. പാണക്കാട് സന്ദർശനത്തിന് ശേഷം, മലപ്പുറം ഡിസിസി ഓഫിസിലും തരൂർ എത്തും. പെരിന്തൽമണ്ണയിലെ ഹൈദരലി തങ്ങളുടെ പേരിലുള്ള സിവിൽ സർവിസ് അക്കാദമിയിൽ വിദ്യാർഥികളുമായി സംവദിക്കും. വൈകീട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കും. മലപ്പുറത്ത് എത്തുമ്പോൾ തരൂരിന്റെ പാണക്കാട് സന്ദർശനം പതിവാണെന്നും രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുമന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തിൽ പരസ്യ പ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് കെപിസിസി നിർദേശം നൽകിയിട്ടുണ്ട്.