എന്തു വന്നാലും രാഷ്ട്രീയമായി നേരിടും, നിയമപരമായി നിലനിൽക്കില്ലെന്ന് വി ഡി സതീശൻ
January 4 | 12:57 PM
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വർഷം മുൻപത്തെ ശുപാർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നും വി ഡി സതീശൻ പറഞ്ഞു. ഈ കേസ് നേരത്തെ ഒരു വട്ടം അന്വേഷിച്ചതാണ്. ഇത് നിലനിൽക്കുന്നതല്ലെന്ന് അന്ന് വിജിലൻസ് തന്നെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നും വി ഡി സതീശന്റെ പ്രതികരണം. അതേസമയം വിഷയത്തിൽ കെ സി വേണുഗോപാലും, കെ സുധാകരനും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്തുള്ള ചെപ്പടി വിദ്യ ആണിതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ഇത് വെള്ളരിക്ക പട്ടണമാണോ എന്ന് ചോദിച്ച കെ സുധാകരൻ നിയമപരമായി സാധ്യാമാവുന്നതെല്ലാം ചെയ്യുമെന്ന് പ്രതികരിച്ചു.