വിഡി സതീശൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു, കെട്ടിവെക്കാൻ പണം നൽകി പ്ലാച്ചിമട സമര സമിതി
March 23 | 04:12 PM
എറണാകുളം: പറവൂരിൽ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പറവൂരിലെ കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവനിൽ നിന്ന് കാൽനടയായിട്ടാണ് അഡീഷണൽ തഹസിൽദാര്‍ ഓഫീസിലെത്തിയത്. വിഡി സതീശനമൊപ്പം കാൽനടയായി പ്രവര്‍ത്തകരും നേതാക്കളും ഓഫീസിലേക്ക് അനുഗമിച്ചു. മുദ്രവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ പത്രിക സമര്‍പ്പണം ആഘോഷമാക്കിയത്. രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികയാണ് വിഡി സതീശൻ നൽകിയത്. പ്ലാച്ചിമട സമര സമിതിയാണ് വിഡി സതീശന് കെട്ടിവെയ്ക്കാനുള്ള പണം നൽകിയത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്ലാച്ചിമടയിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉറപ്പായും ഉണ്ടാക്കുമെന്നും അവിടത്തെ പാവപ്പെട്ടവര്‍ നൽകിയ പണമാണ് കെട്ടിവെയ്ക്കുന്നതെന്നും വിഡി സതീഷൻ പത്രിക സമര്‍പ്പണത്തിന് മുന്‍പായി പ്രതികരിച്ചു. അവരുടെ പിന്തുണയും സ്നേഹവും ഹൃദയത്തിൽ ഏറ്റുവാങ്ങിയാണ് ഈ പണം സ്വീകരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
പാലയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയും അൽപ്പസമയം മുൻപ് പത്രിക നൽകി. ഒറ്റപ്പാലത്തെ ബിജെപി സ്ഥാനാർഥി മേജർ രവിയും നാമനിർദേശ പത്രിക നൽകി. മുൻ സൈനികരായ സുഹൃത്തുക്കളാണ് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്.തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസപ്, സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐസി ബാലകൃഷ്ണൻ, നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥൻ, ഗുരുവായൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണൻ, കൊടുവള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ഫിറോസ്, തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാര്‍ത്ഥി അഖിൽ മാരാര്‍, മാനന്തവാടിയിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ശ്യാംരാജ്, കോഴിക്കോട് എലത്തൂരിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രൻ, ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അൻവര്‍ തുടങ്ങിയ പ്രമുഖ നേതാക്കൾ പത്രിക നൽകി. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനും പത്രിക നൽകി.