ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി
February 4 | 03:42 PM
കൊല്ലം: കൊല്ലത്ത് ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. സ്കൂൾ മാനേജരുടെ നിർദ്ദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് സെക്യൂരിറ്റി പറയുന്നത്. പിന്നാലെ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. എന്ത് വസ്ത്രമിട്ടും സ്കൂളില്‍ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്കൂൾ മാനേജരുടെ വിശദീകരണം. സംഭവത്തില്‍ അധ്യാപിക പൊലീസിൽ പരാതി നൽകി. രാവിലെ എട്ടേ മുക്കാലോടെയാണ് നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപികയായ സിന്ധു എത്തിയത്. എന്നാൽ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നില്ല. ചുരിദാർ ധരിച്ചെത്തിയതിനാൽ പ്രവേശിപ്പിക്കേണ്ടെന്നാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്നു ജീവനക്കാരൻ്റെ മറുപടി. പരാതി കൊടുത്തതിനാൽ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.