മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു
January 4 | 12:12 PM
റിയാദ്: മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്റെ കുടുംബം സന്ദർശന വിസയിലാണ് ഇവിടെയെത്തിയത്.