ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി
February 20 | 06:38 PM
കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി. ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകൾ ആർക്കൊക്കെയെന്ന് കണ്ടെത്താനാണ് നറുക്കെടുപ്പ്. ലഭിച്ച വീടുകളുടെ അടിസ്ഥാനത്തിൽ പട്ടയവും വൈദ്യുതി കണക്ഷനും ഉൾപ്പെടെ ഇന്നു തന്നെ കുടുംബഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകും. ആദ്യഘട്ടത്തിലെ 178 വീടുകളുടെ താക്കോൽദാനം ഈ മാസം 25ന് മുഖ്യമന്ത്രി നിർവഹിക്കും. വീട് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാത്തരം ഫീസുകളും ദുരന്തബാധിതർക്ക് ഒഴിവാക്കി നൽകിയിട്ടുണ്ട്. ദുരന്തത്തിൽ കടകളും സംരംഭങ്ങളും നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം വേദിയിൽ മന്ത്രി ഒ ആർ കേളു പ്രഖ്യാപിച്ചു. പൂർണമായും വീട് നഷ്ട്ടപ്പെട്ടവരുടെ ലിസ്റ്റിലുള്ള 178 പേരിൽ നിന്നാണ് ഗുണഭോക്താക്കളുടെ ക്രമം നിശ്ചയിക്കുന്നത്. മേപ്പാടിയിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. വീടും 7 സെൻ്റ് സ്ഥലവും ആണ് ദുരന്തബാധിതർക്ക് ലഭിക്കുക. നറുക്കെടുപ്പിനിടെ പലരും വിതുമ്പി. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് ഒരുങ്ങുന്നത്. രണ്ട് ബെഡ് റൂമുകളോട് കൂടിയ ആയിരം ചതുരശ്രയടി വീടാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്.