ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര് പിടിയിൽ
March 15 | 05:50 PM
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര് കസ്റ്റഡിയിലായി. പിടിയിലായവരിൽ 2 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ്. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടക്കുകയാണ്. ജിം-സന്തോഷ് വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഒന്നാം പ്രതി അലുവ അതുലിനെയാണ് കാറിൽ പിൻതുടർന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റു. കടത്തൂർ- വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷ് വധകേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്. അലുവ അതുലും കൂട്ടുപത്രിയായ കുക്കു എന്ന മനുവും സഞ്ചരിച്ച കാറിനെ ഗുണ്ടാ സംഘം മറ്റൊരു കാറിൽ പിൻ തുടർന്നു അതുലിൻ്റെ കാറിൽ ഇടിച്ചു നിയന്ത്രണം വിട്ട കാർ നിർമ്മാണം നടക്കുന്ന റോഡിലെ താഴ്ചയിലേക്ക് ഇടിച്ചിറങ്ങി. തുടർന്ന് നാലംഗ സംഘം ആയുധങ്ങളുമായി ചാടിയിറങ്ങി അതുലിനെയും മനുവിനെയും ആക്രമിച്ചു. തലയ്ക്ക് ഏറ്റ വെട്ടുകൾ അലുവ അതുലിൻ്റെ ജീവനെടുത്തു. കൈയ്ക്ക് വെട്ടേറ്റ മനു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരുനാഗപ്പള്ളിയിലെ കടത്തൂർ ഗുണ്ടാ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഓച്ചിറയിലെ വയനകം ഗുണ്ടാ സംഘത്തിലെ അംഗമാണ് അലുവ അതുൽ. അമ്മയുടെ മുന്നിലിട്ട് ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി അതുലും സംഘവും മറ്റ് രണ്ട് പേരെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു.