സിപിഎം-എസ്ഡിപിഐ ഡീൽ ആരോപണം സംബന്ധിച്ച ചോദ്യങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ
March 29 | 05:08 PM
മലപ്പുറം: സിപിഎം-എസ്ഡിപിഐ ഡീൽ ആരോപണം സംബന്ധിച്ച ചോദ്യങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡീൽ ആരോപണം നുണയാണെന്നും രാഷ്ട്രീയ നേട്ടത്തിനായി യുഡിഎഫിന് ഇങ്ങനെയൊക്കെ പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി തിരൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വർഗീയതോട് വിരുദ്ധ നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്. തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, തുടർഭരണം വന്നതിന് ശേഷം സംസ്ഥാനത്തെ എല്ലാ രംഗങ്ങളിലും പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു. തൻ്റെ പെരുമാറ്റം ജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ രംഗത്തെ നവീകരണം, ആരോഗ്യ മേഖലയിലുണ്ടായ വികസനം, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വ്യാപനം എന്നിവയാണ് സർക്കാരിന്റെ പ്രധാന നേട്ടങ്ങളെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രവാസികൾക്ക് സർക്കാർ ശക്തമായ പിന്തുണയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി വിരുദ്ധ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. രാജ്യത്ത് ആദ്യമായി പ്രവാസികളെ ക്ഷേമ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത് ഇടത് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.