അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് നിർണ്ണായക പ്രഖ്യാപനവുമായി ജി സുധാകരൻ
March 12 | 05:41 PM
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. ഇന്ന് രാവിലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടി വിട്ടതായി എന്ന നിര്‍ണായക പ്രഖ്യാപനം ജി.സുധാകരൻ നടത്തിയത്. ആലപ്പുഴയിലെ മുതിര്‍ന്ന സിപിഎം അംഗമായിരുന്ന ജി സുധാകരൻ 60 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആരുടെയും പിന്തുണ തേടില്ലെന്നും മത്സരം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരല്ലെന്നും സുധാകരൻ വ്യക്തമാക്കി. ഇനി സ്വതന്ത്ര നിലപാടായിരിക്കുമെന്നും ഒരിടത്തും പ്രസംഗിക്കാൻ പോകില്ലെന്നും സുധാകരൻ നിലപാട് വ്യക്തമാക്കി. തന്നെക്കുറിച്ച് വിവിധ വാർത്തകൾ പുറത്തുവരുന്നുവെന്നും താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണെന്നും ജി സുധാകരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മൂന്ന് ആഴ്ച മുൻപ് മെമ്പർഷിപ് പുതുക്കാൻ ആളുവന്നു. പുതുക്കിയില്ല, അത് വാര്‍ത്തയായി, ഒരു ജില്ലാ കമ്മിറ്റി അംഗമാണ് ചോർത്തിയത്. പാർട്ടി ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചില്ലെന്ന് പറഞ്ഞ സുധാകരൻ പാര്‍ട്ടി ജീവിതം നയിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്തുവെന്നും സുധാകരൻ ആരോപിച്ചു. തന്റെ അച്ഛന് വരെ ചില പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു. മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. സജി ചെറിയാനെതിരെയും ജി സുധാകരൻ വിമര്‍ശനമുന്നയിച്ചു. ഭരണഘടനയെ കുന്തം, കുടചക്രം എന്നൊന്നും താൻ പറയില്ല. യഥാര്‍ത്ഥ പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. സ്ഥാനത്ത് എത്രകാലം ഇരുന്നു എന്നല്ല, എന്ത് ചെയ്തു എന്ന് നോക്കണം. 36 വർഷം പാർട്ടി വിദ്യാഭ്യാസ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നു. പാർട്ടിയെ ആക്ഷേപിക്കാനില്ല. രാഷ്ട്രീയ ഇടിവ് കേരളത്തിൽ ഉണ്ടായി. നേതൃത്വത്തിന് ആവേശമുണ്ടാക്കാൻ കഴിഞ്ഞില്ല. നേതാക്കൾ ആത്മ പരിശോധന നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റുകാർക്ക് ഗാന്ധിജിയുടെ ലാളിത്യം വേണം. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് പാടില്ല. തനിക്ക് അഭിമാനത്തോടെ അത് പറയാൻ സാധിക്കും. ഒരുപാട് മർദനങ്ങളും ഗുണ്ടായിസവും ഏറ്റുവാങ്ങി. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് നീതി പുലർത്തി. ഒരു വർഗീയതയുമായും യോജിക്കില്ല. ദുരിതം അനുഭവിക്കുന്നവരുടെ കൂടെ ആയിരിക്കും എന്നും. സുധാകരൻ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിൽ തന്റെ ഭരണകാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും ജി സുധാകരൻ സംസാരിച്ചു. എളമരം കരീമിന് നേര്‍ക്കും സുധാകരൻ വിമര്‍ശനമുന്നയിച്ചു. രാജ്യസഭയുടെ പടി ഇറങ്ങിയപ്പോള്‍ തന്ന ലോക്സഭയിലേക്ക് മത്സരിച്ചു. കരീമിക്ക എന്ന് കോഴിക്കോട് പോസ്റ്റര്‍ പതിച്ചു. സെക്യുലര്‍ മുസ്ലീം എന്ന് വരുത്താൻ ശ്രമിച്ചു. മുസ്ലിം ഭൂരിപക്ഷ മേഖലയിലും തനിക്കായിരുന്നു ഭൂരിപക്ഷമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. സഹോദരന്റെ രക്തസാക്ഷിത്വത്തെ കുറിച്ചും ജി സുധാകരന് പരാമര്‍ശിച്ചു. ഭുവനേശ്വരനെ അറിയാത്തവര്‍ തന്നെ വിമര്‍ശിക്കാൻ വരുന്നു, വീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ കാശുകൊണ്ടാണ് കേസ് നടത്തിയതെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയോ ആരുംതന്നെ തന്നെ കാലത് സഹായിച്ചിട്ടില്ല എന്നും സുധാകരൻ പറഞ്ഞു.




