ടൂറിസം സംരംഭകർക്കുള്ള പരിശീലനം 15ന്
November 2 | 05:38 AM
ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക് കൂടുതൽ ഉണർവ്വേകാൻ ഡിടിപിസിയുടെ നേതൃത്വത്തിൽ ടൂറിസം സംരംഭകർക്ക് പരിശീലനം നൽകുന്നു. ആദ്യഘട്ട പരിശീലനം നവംബർ 15ന് നടക്കും. ജില്ലയിലേക്ക് കൂടതൽ ആഭ്യന്തര വിദേശ വിനോദസഞ്ചാരികളെ എത്തിക്കാൻ ടൂറിസം സംരംഭകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഹോംസ്റ്റേ, സർവീസ് വില്ല, റിസോർട്ട്, ഹോട്ടൽ, ഫാം ടൂറിസം, ഗൃഹസ്ഥലി, ആയുർവേദ കേന്ദ്രം, ടൂർ ഓപ്പറേഷൻ തുടങ്ങിയവ ആരംഭിക്കാൻ താൽപര്യം ഉള്ളവർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. ഇവയുടെ ക്ലാസിഫിക്കേഷൻ രീതി, അക്രഡിറ്റേഷൻ തുടങ്ങിയവയ്ക്കൊപ്പം വിദേശ വിനോദസഞ്ചാരികൾ താമസിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ, ലഭ്യമാകാൻ സാധ്യതയുള്ള വിവിധതരം വായ്പകൾ തുടങ്ങിയവയെക്കുറിച്ച് ബോധവത്കരിക്കും. രണ്ടാംഘട്ടത്തിൽ കയാക്കിംഗ് പോലുള്ള ജലസാഹസിക പരിപാടികൾ, ഹൗസ് ബോട്ട് എന്നിവ നടത്തുന്നവർക്കാണ് പരിശീലനം നൽകുക. സാഹസിക പരിപാടികൾക്ക് ആവശ്യമായ ലൈസൻസ് സംബന്ധിച്ചുള്ള ക്ലാസും ഉണ്ടാകും. നിലവിലുള്ള സംരംഭകർക്കും പുതുതായി തുടങ്ങാൻ ഉദേശിക്കുന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. രണ്ട് ഘട്ടങ്ങൾക്കും പ്രത്യേകമായി dtpckannur.com മുഖേന രജിസ്റ്റർ ചെയ്യണം. 100 രൂപയാണ് രജിസ്ട്രേഷൻ ഫീ. ഫോൺ: 04972706336, 0497 2960336