പി ആർ ഡി അറിയിപ്പുകൾ
November 1 | 05:19 AM
കൃഷിയിടാധിഷ്ഠിത ആസൂത്രണ സമീപന പദ്ധതി:
ഏകദിന പരിശീലനം നൽകി
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കൃഷിയിടാധിഷ്ടിത ആസൂത്രണ സമീപന പദ്ധതിയുടെ ജില്ലാതല ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ഉദ്ഘാടനം ചെയ്തു. കാർഷിക സർവകലാശാല, ഗവേഷണ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ വകുപ്പ്, കാർഷിക അനുബന്ധ വകുപ്പുകൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ 89 കൃഷിഭവനുകളിൽ നിന്ന് തെരഞ്ഞെടുത്ത 890 കർഷകരിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. പദ്ധതി മാർഗനിർദേശങ്ങൾ, സംയോജിത മാതൃക കൃഷിത്തോട്ടം രൂപീകരണം, കർഷക ഉത്പാദന സംഘങ്ങൾ, അനുബന്ധ വകുപ്പുകളുടെ പങ്ക്, ഫാം പ്ലാൻ സാങ്കേതിക വശങ്ങളും ബി എൽ എ കെ സി യുടെ പങ്ക്, മോഡൽ ഫാം പ്ലാൻ രൂപീകരണം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. ജില്ലയിലെ കൃഷിവകുപ്പിലെ നൂറോളം ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു.
ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യുപി ശോഭ, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ രഘുകുമാർ, കൃഷി വിജ്ഞാൻ കേന്ദ്രം പ്രോഗ്രാം കോ ഓർഡിനേറ്റർ പി ജയരാജ്, ആത്മ പ്രൊജക്ട് ഡയറക്ടർ പി വി ശൈലജ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിജിമോൾ കെ ബേബി എന്നിവർ പങ്കെടുത്തു.
ലഹരി വിരുദ്ധ സന്ദേശ മാജിക് ഷോ
കണ്ണൂർ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, തോട്ടട ജി എച്ച് എസ് എസ് എന്നിവ ചേർന്ന് നവംബർ ഒന്നിന് തോട്ടട ജി എച്ച് എസ് എസിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിനിൽ മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ മാജിക് ഷോ അവതരിപ്പിക്കും. രാവിലെ 10 മണിക്ക് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം നിർവഹിക്കും. ഡിഎൽഎസ്എ ചെയർമാൻ ആർ എൽ ബൈജു അധ്യക്ഷനാവും. അസി. കലക്ടർ മിസൽ സാഗർ ഭരത് മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 12 മണിക്ക് തോട്ടട എസ് എൻ ട്രസ്റ്റ് സ്കൂൾ, രണ്ട് മണിക്ക് അരോളി ജി എച്ച് എസ് എസ് എന്നിവിടങ്ങളിലും മാജിക് ഷോ അവതരിപ്പിക്കും.
ക്ഷേമനിധി അംഗത്വ ക്യാമ്പയിൻ
സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് മുഴുവൻ മദ്രസ അധ്യാപകരെയും ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിന് സംസ്ഥാന തലത്തിൽ അംഗത്വ ക്യാമ്പയിൻ നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കണ്ണൂർ ജില്ലയിലെ വിവിധ മദ്രസ ബോർഡുകളുടെ ജില്ല/റെയിഞ്ച് ഭാരവാഹികളുടെ യോഗം നവംബർ എട്ടിന് രാവിലെ 11ന് താഴെചൊവ്വ ഇസ്ലാമിക് സെന്ററിലും കാസർകോട് ജില്ലയിലെ യോഗം നവംബർ ഏഴിന് രാവിലെ 11ന് കാസർകോട് മുൻസിപ്പൽ ടൗൺ ഹാളിലും നടക്കും.
തെളിവെടുപ്പ് യോഗം മൂന്നിന്
കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം ബില്ല് സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ പ്രഥമ തെളിവെടുപ്പ് യോഗം നവംബർ മൂന്നിന് രാവിലെ 11ന് വയനാട് ജില്ലാ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. മൃഗസംരക്ഷണ ക്ഷീരവികസന- മ്യൂസിയം വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ചെയർപേഴ്സണായ സെലക്ട് കമ്മിറ്റി, കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ജനപ്രതിനിധികൾ, ക്ഷീരകർഷകർ, കർഷകസംഘടനകൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് ബില്ലിലെ വ്യവസ്ഥകളിന്മേലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. അഭിപ്രായങ്ങളും നിർദേശങ്ങളും യോഗത്തിൽ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കണം. വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലി www.niyamasabha.org എന്ന വെബ്സൈറ്റിൽ. legislation@niyamasabha.nic.in എന്ന ഇമെയിൽ വിലാസത്തിൽ നിയമസഭാ സെക്രട്ടറിക്കും അയക്കാം.
സ്പോട്ട് അഡ്മിഷൻ
കേരള കാർഷിക സർവകലാശാലക്കു കീഴിലെ തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയിൽ ബി ടെക് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, ബി ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കീം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസർവേഷൻ പാലിച്ചുമാണ് അഡ്മിഷൻ. താൽപര്യമുള്ളവർ നവംബർ ഏഴിന് രാവിലെ 11നകം കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.kcaet.kau.in, www.kau.in. ഫോൺ: 04942686214.
ഐ ഇ എൽ ടി എസ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് തിരുവനന്തപുരത്ത് നടത്തുന്ന ഐ ഇ എൽ ടി എസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org. എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2329539, 2323989, 2329468, 7907527879.
തീയതി നീട്ടി
മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാംതരം മുതൽ പഠിക്കുന്ന മക്കൾക്കുള്ള ഈ അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തീയതി നവംബർ 15 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷാ ഫോറം മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ kmtwwfb.org ൽ ലഭിക്കും. ഫോൺ: 0497 2705197.
സൗജന്യ പരിശീലനം
ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം നടപ്പാക്കുന്ന കാർഷിക യന്ത്രോപകരണ അറ്റകുറ്റപ്പണിയിൽ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളള രണ്ട് വർഷമെങ്കിലും വാഹന അറ്റകുറ്റപ്പണികളിൽ പരിചയമുളള വർക്ക് ഷോപ്പ് ജീവനക്കാർ, യന്ത്രങ്ങളുടെ റിപ്പയർ ചെയ്യുന്നവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലുള്ള 10 ദിവസത്തെ പരിശീലനത്തിൽ വിവിധ കാർഷികയന്ത്രങ്ങൾ ഉപയോഗിക്കുന്നതിനും ദൈനംദിന പരിചരണത്തിലും അറ്റകുറ്റപ്പണികളിലും പരിശീലനം നൽകും. ട്രാക്ടർ അനുബന്ധ ഉപകരണങ്ങൾ, പവർടില്ലർ, ഗാർഡൻ ടില്ലർ, പമ്പ്സെറ്റ് എന്നിങ്ങനെയുളള കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപേക്ഷാഫോറം ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഗ്രാമ/ബ്ലോക്ക്/ജില്ലാപഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയത്തിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽ മാർഗ്ഗമോ പാലയാട് കോക്കനട്ട് നഴ്സറി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയത്തിൽ നവംബർ 15നകം സമർപ്പിക്കണം. ഫോൺ: 9383472051, 9383472050.
ശിശുദിനാഘോഷം: മത്സരങ്ങൾ ആറിന്
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി ജില്ലയിലെ കുട്ടികൾക്ക് സാഹിത്യരചനാ മത്സരങ്ങളും പ്രസംഗമത്സരവും സംഘടിപ്പിക്കുന്നു. നവംബർ ആറിന് രാവിലെ 10 മണി മുതൽ തളാപ്പ് മിക്സഡ് ഗവ.യു പി സ്കൂളിലാണ് മത്സരം. എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് കുട്ടികൾക്ക് കഥ, കവിത, ഉപന്യാസ രചന മത്സരങ്ങളും ശിശുദിന റാലി നയിക്കുന്ന കുട്ടികളുടെ നേതാക്കളായ പ്രസിഡണ്ട്, പ്രധാനമന്ത്രി, സ്പീക്കർ എന്നിവരെ കണ്ടെത്തുന്നതിന് എൽ പി, യു പി വിഭാഗം കുട്ടികൾക്ക് പ്രസംഗ മത്സരവും നടത്തും. താൽപര്യമുള്ള കുട്ടികൾ നവംബർ നാലിനകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9447853744, 9895386896.
ബോധവത്കരണ സെമിനാർ
കണ്ണൂർ കയർ പ്രൊജക്ട് ഓഫീസ് സംഘടിപ്പിച്ച കയർ ഭൂവസ്ത്ര വിതാന പദ്ധതി ഏകദിന സെമിനാർ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് കെ സി ജിഷ ഉദ്ഘാടനം ചെയ്തു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, ബി ഡി ഒമാർ, എം ജി എൻ ആർ ഇ ജി എസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ, അസിസ്റ്റന്റ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അബ്ദുൾ നിസാർ വായിപറമ്പ് അധ്യക്ഷത വഹിച്ചു. കയർ ഭൂവസ്ത്ര വിതാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എക്സ്റ്റൻഷൻ ഓഫീസർ പി ശബരി ഗിരീഷും സാങ്കേതിക വശങ്ങൾ സംബന്ധിച്ച് കയർഫെഡ് മാർക്കറ്റിങ് പ്രതിനിധി എം പി സനൂപും ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി പി അജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഒ ചന്ദ്രമോഹൻ, കണ്ണൂർ കയർ പ്രൊജക്ട് ഓഫീസർ കെ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സീജ കൂഞ്ചാൽ എന്നിവർ സംസാരിച്ചു.
താൽക്കാലിക നിയമനം
കണ്ണൂർ ഗവ. വെക്കേഷൻ ഹയർ സെക്കണ്ടറി (സ്പോർട്സ്) സ്കൂളിൽ വി എച്ച് എസ് സി വിഭാഗത്തിൽ എൻവിടി ബയോളജി (സീനിയർ) തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ മൂന്നിന് രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0497 2712921, 9847158800.
മാറ്റിവെവച്ചു
നവംബർ ഒന്ന്, രണ്ട് തിയതികളിൽ കലക്ടറേറ്റിൽ വിചാരണക്ക് വെച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയകേസുകൾ യഥാക്രമം ഡിസംബർ 14,15 തീയതികളിൽ രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എൽ.ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
ബാങ്ക് വായ്പ അദാലത്ത്
കണ്ണൂർ താലൂക്കിലെ റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന ബാങ്ക് വായ്പ കുടിശ്ശികക്കാർക്കായി അദാലത്ത് സംഘടിപ്പിക്കുന്നു. വായ്പ കുടിശ്ശിക ഇളവോടെ തീർപ്പാക്കാൻ അവസരം ലഭിക്കും. നവംബർ രണ്ടിന് രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് മണി വരെ പുതിയതെരു വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ നടത്തുന്ന അദാലത്തിൽ ചിറക്കൽ, നാറാത്ത്, അഴീക്കോട് നോർത്ത്, വളപട്ടണം, കണ്ണാടിപ്പറമ്പ് വില്ലേജിലുള്ളവർക്കും നാലിന് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ കണ്ണൂർ താലൂക്ക് ഓഫീസിൽ നടത്തുന്ന അദാലത്തിൽ കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, വലിയന്നൂർ, മുണ്ടേരി, കാഞ്ഞിരോട് വില്ലേജുകളിലുള്ളവർക്കും പങ്കെടുക്കാം. ഏഴിന് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഹാളിൽ നടത്തുന്ന അദാലത്തിൽ എടക്കാട്, മുഴപ്പിലങ്ങാട്, അഞ്ചരക്കണ്ടി, കടമ്പൂർ, ചെമ്പിലോട്, മക്രേരി, മാവിലായി, ഇരിവേരി, ചേലോറ വില്ലേജുകളിലുള്ളവർക്കും ഏഴിന് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ കല്ല്യാശ്ശേരി വില്ലേജ് ഓഫീസ് ഹാളിൽ നടത്തുന്ന അദാലത്തിൽ കണ്ണപുരം, ചെറുകുന്ന്, മാട്ടൂൽ, പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി വില്ലേജുകളിലുള്ളവർക്കും പങ്കെടുക്കാമെന്ന് തഹസിൽദാർ അറിയിച്ചു.
ആട് വളർത്തലിന് ധനസഹായം
അഴീക്കോട് പഞ്ചായത്തിൽ ആട് വളർത്തൽ തുടങ്ങാൻ മൃഗസംരക്ഷണ വകുപ്പ് സഹായം നൽകുന്നു. പെണ്ണാടും ഒരു മുട്ടനാടുമുള്ള യൂനിറ്റ് തുടങ്ങാൻ 25,000 രൂപ സഹായം ലഭിക്കും. അപേക്ഷാഫോറം അഴീക്കോട് മൃഗാശുപത്രിയിൽ ലഭിക്കും. നവംബർ അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9447263687.
സപ്ലിമെന്ററി പരീക്ഷാ ഫീസ് അടക്കാം
2014 മുതൽ 2017 വരെ സെമസ്റ്റർ സമ്പ്രദായത്തിലും 2018ൽ മുതൽ വാർഷിക സമ്പ്രദായത്തിലും പ്രവേശനം നേടിയ സപ്ലിമെന്ററി പരീക്ഷ എഴുതാനുള്ള ട്രെയിനികൾക്ക് നവംബർ 10 വരെ ഐ ടി ഐയിൽ നേരിട്ട് ഹാജരായി ഫീസ് അടക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സെമസ്റ്റർ സമ്പ്രദായത്തിലുള്ള ട്രെയിനികൾക്ക് ഇനിയൊരു അവസരം ഉണ്ടായിരിക്കില്ല.
പ്രശ്നോത്തരി
തലശ്ശേരി ടൗൺ എംപ്ലൊയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി നവംബർ നാലിന് പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. വൈകീട്ട് മൂന്ന് മണിക്ക് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ എരഞ്ഞോളി മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ എത്തണമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
വൈദ്യുതി മുടങ്ങും
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചകിരി ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ ഒന്നിന് രാവിലെ ഏഴ് മുതൽ 8.30വരെയും ചാല വെസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 2.10 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ മാട്ടൂൽ ഒളിയങ്കരചാൽ, ചർച്ച് റോഡ്, സെൻട്രൽ പഞ്ചായത്ത് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ ഒന്നിന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വീനസ് ക്ലബ്ബ് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 7.30 മുതൽ 10.30 വരെയും കമാൽ പീടിക ട്രാൻസ്ഫോർമർ പരിധിയിൽ 10.30 മുതൽ ഉച്ചക്ക് ഒരു മണി വരെയും സ്വദേശ് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് ഒരു മണി മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.