സ്വര്‍ണക്കപ്പ് അറേബ്യൻ മണ്ണിൽ പറന്നിറങ്ങി; ഫിഫ ലോകകപ്പിന് ദിനമെണ്ണി ആരാധകർ
November 15 | 08:34 AM
ദോഹ: കാൽപ്പന്തു കളി നെഞ്ചിലേറ്റുന്ന ആരാധകർ തങ്ങളുടെ ഇഷ്ട ടീം കരസ്ഥമാക്കണമെന്ന് മോഹിക്കുന്ന സ്വർണക്കപ്പ് അറബ് മണ്ണിൽ പറന്നിറങ്ങി. വൻകരകളിലെ പര്യടനം പൂർത്തിയാക്കിയാണ് ഫിഫ ലോകകപ്പ് ട്രോഫി ദോഹയിൽ എത്തിയത്. രാഷ്ട്രത്തലവന്മാർക്കോ വിശ്വ ജേതാക്കൾക്കോ മാത്രമേ ഫിഫ ട്രോഫിയിൽ തൊടാനാകൂ എന്ന ചട്ടം ഉള്ളതിനാൽ 1998ൽ ചാമ്പ്യന്മാരായ ഫ്രഞ്ച് ടീമംഗം മാഴ്സെൽ ദേസൊയിയാണ് ലോകകപ്പ് കിരീടം അനാവരണം ചെയ്തത്. ലിയോണൽ മെസി അടക്കം പ്രമുഖ താരങ്ങൾ എത്തിയതോടെ ഫിഫ ലോകകപ്പിൻറെ ആവേശം ഉയരുകയാണ്. ഞായറാഴ്ചത്തെ ഉദ്ഘാടക മത്സരത്തിൽ ഖത്തറിൻറെ എതിരാളികളായ ഇക്വഡോർ നാളെ വിമാനമിറങ്ങും. ടിറ്റെ അടങ്ങുന്ന ബ്രസീലിയൻ പരിശീലക സംഘം ലോകകപ്പിന് മുൻപുള്ള പരിശീലന വേദിയായ ഇറ്റലിയിലെ ടൂറിനിൽ എത്തി. യൂറോപ്യൻ ക്ലബ്ബ് പോരാട്ടങ്ങൾ അവസാനിച്ചെത്തുന്ന നെയ്മർ അടക്കമുള്ളവർക്കൊപ്പം വാരാന്ത്യത്തിൽ കാനറികൾ ഖത്തറിലിറങ്ങും.