നേമത്ത് ത്രീ ടയർ വികസനത്തിലൂടെ മണ്ഡലത്തെ മാറ്റിയെടുക്കും
April 2 | 05:13 PM
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ വികസന മാർഗ്ഗരേഖ അവതരിപ്പിച്ച് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. മണ്ഡലത്തിൽ ഇതുവരെ കണ്ടുസഹിച്ച രാഷ്ട്രീയത്തിന് മാറ്റം കൊണ്ടുവരാനാണ് താൻ മത്സരിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മാർഗ്ഗരേഖ വെറുമൊരു പ്രഖ്യാപനമല്ലെന്നും ജനങ്ങളുമായുള്ള സോഷ്യൽ കോൺട്രാക്ടാണെന്നും നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ആറ്റുകാൽ ടൗൺഷിപ്പ് നിർമ്മാണം, കിരീടം പാലം നവീകരിച്ച് സാംസ്കാരിക-വാണിജ്യ കേന്ദ്രമാക്കുക, വിജയമോഹിനി മിൽ നവീകരണം വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ. തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്നത് ബി ജെ പിയായതിനാൽ, നേമത്ത് നിന്ന് ഒരു ബി ജെ പി എം എൽ എ കൂടി ഉണ്ടായാൽ കേന്ദ്രവുമായി സഹകരിച്ച് ത്രീ ടയർ വികസനത്തിലൂടെ മണ്ഡലത്തെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളായണി കായലിനെ ആധുനിക വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും ആരോഗ്യ - കായിക മേഖലകളിൽ വൻ വികസനം കൊണ്ടുവരുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പുനൽകി.