വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി, ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം
April 2 | 04:49 PM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗാരന്റികൾക്കാണ് യുഡിഎഫ് പ്രകടനപത്രികയില്‍ മുൻഗണന. സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കും. ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു. സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കുമെന്നും യുഡിഎഫ് ഉറപ്പുനൽകുന്നു. സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാൻ്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു. കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി റബർ താങ്ങുവില 300 രൂപയാക്കുമെന്നും ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയർത്തുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു. ക്യാമ്പസുകളിലെ റാഗിംഗ് തടയുന്നതിനായി, പൂക്കോട് ക്യാമ്പസിൽ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പേരിൽ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്നും യുഡിഎഫിന്റെ പ്രകടന പത്രികയിലുണ്ട്. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര,കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം,ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കും,എല്ലാം കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5,00,000 രൂപയുടെ പലിശ രഹിത വായ്പ,മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നിവയെല്ലാം പ്രകടന പത്രികയിൽ യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.