പണമിടപാട് ആരോപണങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി ശോഭ സുരേന്ദ്രൻ
April 8 | 04:20 PM
പാലക്കാട്: പണമിടപാട് ആരോപണങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. ഒരു സ്ത്രീ എന്ന നിലയിൽ തന്നെയും പാലക്കാട്ടെ വോട്ടർമാരെയും അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചില മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ എതിരാളികളിലൂടെയും നടന്നതെന്ന് അവർ ആരോപിച്ചു. കണ്ണാടിയിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തു എന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. പിരായിരി പഞ്ചായത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഒരു ക്യാൻസർ രോഗിയെയും കുടുംബത്തെയും കാണാൻ പോയതിനെയാണ് പണം നൽകാനായി എത്തിയതെന്ന രീതിയിൽ ചിലർ വളച്ചൊടിച്ചതെന്ന് അവർ വിശദീകരിച്ചു.ഈ സംഭവത്തിന് പിന്നിൽ കൃത്യമായ തിരക്കഥയുണ്ടെന്നാണ് ശോഭയുടെ പ്രധാന വാദം. തിരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടിയുടെ വിജയം ഉറപ്പായപ്പോൾ അത് സഹിക്കാൻ കഴിയാത്തവരാണ് ഇത്തരമൊരു വിവാദം സൃഷ്ടിച്ചതെന്നും പത്താമത്തെ തിരഞ്ഞെടുപ്പിനെ നേരിടുന്ന തനിക്ക് ചട്ടങ്ങൾ കൃത്യമായി അറിയാമെന്നും അവർ കൂട്ടിച്ചേർത്തു. തന്നോടും തന്റെ കൂടെയുണ്ടായിരുന്ന പ്രമിള എന്ന സ്ത്രീയോടും തങ്ങളെ പിന്തുടർന്ന ഒരു സംഘം യുവാക്കൾ അതീവ മോശമായി പെരുമാറിയെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. തന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീയോട് ലൈംഗികാധിക്ഷേപം നടത്തുന്ന രീതിയിലുള്ള ആംഗ്യങ്ങൾ ഒരു യുവാവ് മൂന്ന് തവണ ആവർത്തിച്ചുവെന്നും അത് കണ്ടപ്പോഴാണ് താൻ കാർ നിർത്തി പുറത്തിറങ്ങിയതെന്നും അവർ അവകാശപ്പെട്ടു.തങ്ങളെ പിന്തുടർന്ന കാറിലുണ്ടായിരുന്ന വ്യക്തി വിനേഷ് സർഗ്ഗ എന്നയാളാണെന്നും ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ശോഭ ആരോപിച്ചു.