ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
April 10 | 04:28 PM
മൈസൂരു: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനിടെയാണ് 1500 അടി താഴ്ചയിൽ നിന്ന് മൃതദേഹം ലഭിച്ചത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. വൈകീട്ട് 5.20 വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. പിന്നീട് പെട്ടെന്ന് കാണാതായി. നാൽപത് പേരുള്ള ഒരു സംഘത്തിൽ നിന്നാണ് കുട്ടിയെ കാണാതായത്. ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനു സമീപത്തെ വെള്ളച്ചാട്ടത്തിലും കുന്നിലും വ്യാപകമായ തെരച്ചിലാണ് രണ്ട് ദിവസം നടന്നത്. ഇന്നലെ രാവിലെ മുതൽ രാത്രി വൈകി വരെ കൊക്കകളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കുറിച്ചുള്ള വിവരം ഒന്നും ലഭിച്ചിരുന്നില്ല. തെൽമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും ഫലം ഉണ്ടായില്ല. വെള്ളച്ചാട്ടത്തിൽ വീണെന്ന് സംശയമുയർന്നെങ്കിലും തെരച്ചിലിന് ശേഷം പൊലീസ്, ആ സാധ്യത തള്ളുകയായിരുന്നു. ഒടുവിൽ പ്രതീക്ഷകൾ എല്ലാം വിഫലമാക്കി കൊണ്ട് ഉച്ചയ്ക്ക് 12 മണിയോടെ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി എന്ന സങ്കടകരമായ വാർത്ത എത്തിയത്.